ഹരിദ്വാര്‍: കാറ്റിന്റെ പ്രഹരം പോലും ഉണ്ടാക്കാന്‍ കഴിയാത്തവരാണ് ഭൂചലനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഹരിദ്വാറില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി പിന്‍വലിച്ച സംഭവത്തില്‍ പാര്‍ലമെന്റില്‍ താന്‍ സംസാരിച്ചാല്‍ ഭൂചലനം ഉണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ വാക്കുകള്‍.
ഇന്ത്യയെ സാമ്പത്തികമായി ശക്തിപ്പെടുത്താനാണ് കഠിനമേറിയതും പ്രയാസമേറിയതുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷമം നിറഞ്ഞ അവസരങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം എന്നും നിന്നിട്ടുളള പാര്‍ട്ടിയാണ് ബിജെപി. കറന്‍സി പിന്‍വലിക്കല്‍ പോലുളള തീരുമാനം ദീര്‍ഘവീക്ഷണത്തോടെ കൈക്കൊളളാന്‍ ധീരനായ വ്യക്തിക്ക് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഒരു മാസത്തിനുളളില്‍ സാധാരണ നിലയിലാകുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താന്‍ സംസാരിച്ചാല്‍ ഭൂചലനം ഉണ്ടാകുമെന്നും ഇന്നലെയാണ് രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.