കൊല്ലം: ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി അദ്ധ്യക്ഷയുമായ ബിന്ദു കൃഷ്ണ. ഭഗവാന് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെന്നും കാലഘട്ടത്തിന് അനുസരിച്ച് ആചാരങ്ങള്‍ മാറ്റണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പോല കാലങ്ങളില്‍ പല ആചാരങ്ങളും പിന്തുടര്ന്നിട്ടുണ്ട്. കൊടും കാടായി കിടന്നതിനാലാകാം പത്ത് വയസിനും അന്‍പത് വയസിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ പോകരുതെന്ന് പറഞ്ഞത്. അല്ലെങ്കില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടായിരിക്കാം. 41 ദിവസത്തെ പൂര്ണവ്രതം എടുത്ത് ഭക്തര്‍ മല ചവിട്ടിയ കാലത്ത് അതൊക്കെ അനിവാര്യമായിരിക്കാം. പക്ഷെ ഇപ്പോ കാലവും ശൈലിയും മാറി. എല്ലാവരും 41 ദിവസത്തെ വ്രതം എടുത്തിട്ടല്ല പോകുന്നതെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
ആധുനീക ജീവിതത്തിന്റെ വേഗതയ്ക്കൊപ്പം ആചാരങ്ങള്‍ മാറേണ്ടതാണെന്നും മാറ്റപ്പെടുമെന്ന പ്രതീക്ഷയാണ് തനിക്ക് ഉളളതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.