മുംബൈ: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന താനെ സ്വദേശി ലിബിയയില്‍ പിടിയിലായി. മുംബൈയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. താനെ ജില്ലയ്ക്ക് സമീപമുളള മുംബ്ര സ്വദേശി ടാബ്രെസ് മൊഹമ്മദ് താംബെ (28) യാണ് പിടിയിലായത്.
സുഹൃത്തായ അലിക്കൊപ്പമാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നത്. എന്നാല്‍ അലി ഇന്ത്യന്‍ പൗരനാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. ഇക്കൊല്ലം ആദ്യം ഇന്ത്യയില്‍ നിന്നു പോയ ടാബ്രെസ് ഈജിപ്തിലെത്തുകയും അവിടെ നിന്ന് ലിബിയയിലേക്ക് മാറുകയുമായിരുന്നു.
ലിബിയയില്‍ ഇയാള്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന വിവരം. ടാബ്രെസിന്റെ തിരോധാനം സംബന്ധിച്ച് ഇയാളുടെ ഇളയ സഹോദരന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇയാള്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവരെ ധരിപ്പിച്ചിരുന്നു.
തിരിച്ചുവരാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ടാബ്രെസ് കൂട്ടാക്കിയില്ല. ടാബ്രെസ് ലിബിയയില്‍ ഉളളതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ടാബ്രെസുമായി ബന്ധമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
കാര്‍ഗോ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുളള ടാബ്രെസ് മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതനായത്. പല രാജ്യങ്ങളിലും ജോലി തേടി നടക്കുന്നതിനിടയിലാണ് ഐഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്.