ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞിനേത്തുടർന്ന് രാജ്യതലസ്ഥാനത്ത് 11 തീവണ്ടികൾ റദ്ദാക്കി. 19 വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്. അതേസമയം 101 തീവണ്ടികളാണ് മൂടൽമഞ്ഞു കാരണം യാത്ര വൈകിയത്. മൂടൽ മഞ്ഞു കാരണം കാഴ്ച്ച ലഭിക്കാത്തതാണ് ഗതാഗതത്തെ ബാധിച്ചത്.
വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കട്ടി കൂടി വരുന്ന മൂടൽമഞ്ഞ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിൽ വന്നിറങ്ങേണ്ടിയിരുന്ന അഞ്ച് അന്താരാഷ്ട്രസർവ്വീസുകളും, മൂന്ന് ഡൊമസ്റ്റിക് സർവ്വീസുകളും വൈകി. ഇതു കൂടാതെ ഇവിടെ നിന്നും പുറപ്പെടേണ്ടിയിരുന്ന ഒരു അന്താരാഷ്ട്ര സർവ്വീസും, പത്തു ഡൊമസ്റ്റിക് സർവ്വീസും വൈകിയാണ് പുറപ്പെട്ടത്.