ന്യൂഡൽഹി: ഡൽഹിയിലെ ആക്സിസ് ബാങ്ക് ശാഖയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ശാഖയിൽ വ്യാജ അക്കൗണ്ടുകളിലായി 100 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
ഡൽഹി ചാന്ദ്നി ചൗക്കിലെ ആക്സിസ് ബാങ്ക് ശാഖയിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ ആക്സിസ് ബാങ്കിന്റെ 44 അക്കൗണ്ടുകളിലായി കെവൈസി നിബന്ധനകൾ പാലിക്കാതെ 100 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. നവംബർ 8 ന് ശേഷം 450 കോടി രൂപയുടെ അനധികൃത നിക്ഷേപം ആക്സിസ് ബാങ്കിന്റെ വിവിധ ശാഖകളിൽ ഉള്ളതായാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസവും കള്ളപ്പണമിടപാടുകാരെ സഹായിക്കാൻ ശ്രമിച്ച രണ്ട് ആക്സിസ് ബാങ്ക് മാനേജർമാർ അറസ്റ്റിലായിരുന്നു.
അതേസമയം ഹരിയാനയിൽ 10 ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളും ഗുജറാത്തിൽ നിന്നും 76 ലക്ഷം രൂപയുടെ നോട്ടുകളും പൊലീസ് പിടിച്ചെടുത്തു.