ന്യൂയോർക്ക് : അമേരിക്കൻ പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയ ദീപാവലി സ്റ്റാമ്പിന് തകർപ്പൻ സ്വീകരണം . ഒന്നേമുക്കാൽ ലക്ഷത്തോളം സ്റ്റാമ്പുകളാണ് ഇതുവരെ വിറ്റഴിച്ചത് . അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വിറ്റഴിച്ച സ്റ്റാമ്പുകളിലൊന്നായി ദീപാവലി സ്റ്റാമ്പ് മാറിക്കഴിഞ്ഞു.
തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിക്കുന്ന ആഘോഷമായ ദീപാവലി ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരതത്തിന്റെ യു എൻ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ പറഞ്ഞു. സാംസ്കാരിക വൈവിദ്ധ്യത്തിന് നൽകുന്ന മഹത്തായ ഉപഹാരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപാവലിയുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ് . പതിനായിരക്കണക്കിന് അഭ്യർത്ഥനകളാണ് സംബന്ധിച്ച് അമേരിക്കയിലെങ്ങും ഉയർന്നു വന്നത് . ഹിന്ദു , ക്രിസ്ത്യൻ , മുസ്ളിം , സിഖ് , പാഴ്സി സമൂഹങ്ങളിൽ പെട്ടവർ ദീപാവലി സ്റ്റാമ്പിനുവേണ്ടിയുള്ള അഭ്യർത്ഥനയിൽ ഒപ്പിട്ടു. ഏഴുവർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് അമേരിക്കൻ പോസ്റ്റൽ വകുപ്പ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയത് .
സ്റ്റാമ്പ് സമർപ്പണ ചടങ്ങിന് ഭാരതത്തിന് ഇരുപത്തിമൂന്ന് രാഷ്ട്രങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത് . കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദീപാവലി സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. നവംബർ മുതലാണ് വിൽപ്പന തുടങ്ങിയത് .