മുംബൈ: അറ്റകുറ്റപ്പണികൾക്കായി ഡ്രൈ ഡോക്കിൽ കയറ്റിയിരുന്ന നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് ബത്വ മുംബൈയിൽ മറിഞ്ഞു. ഡ്രൈഡോക്കിൽ നിന്നും നീറ്റിലിറക്കുമ്പോഴാണ് യുദ്ധക്കപ്പൽ ഒരു വശത്തേക്കു മറിഞ്ഞത്.
പതിനാലു നാവികരെ നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുത്തി. രണ്ടു പേർക്കായുളള തിരച്ചിൽ തുടരുകയാണ്. ഡോക്ക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് കപ്പൽ മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാരതം തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് ബത്വ 3,850 ടൺ കേവുഭാരമുളളതാണ്. 125 മീറ്റർ നീളവും 30 നോട്ടിക്കൽ മൈൽ വേഗതയുമുളള ഇതിൽ നിന്നും ഉറാൻ കപ്പൽവേധ മിസൈലുകളും ആകാശത്തേക്കു തൊടുക്കാവുന്ന ബറാക്ക് 1 മിസൈലുകളും ടോർപ്പിഡോകളും വിക്ഷേപിക്കുവാൻ സാധിക്കും.
അപകടത്തിൽ കപ്പലിന്റെ പ്രധാന പായ്മരത്തിനു തകരാറു സംഭവിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ പ്രധാന പോർമുനകളിലൊന്നാണ് ഐ.എൻ.എസ് ബത്വ.
മദ്ധ്യപ്രദേശിലെ ബത്വ നദിയുടെ പേരു നൽകിയിരിക്കുന്ന ഈ യുദ്ധക്കപ്പൽ 1988ലെ മാൾഡീവിയൻ ബന്ദികളുടെ മോചന പ്രവർത്തനങ്ങളിലും, 2006ൽ ലെബനോണിൽ നിന്നും സൈപ്രസ്സിലേക്ക് ഭാരതീയരെ രക്ഷപ്പെടുത്തുന്ന നടപടികളിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.