തേഞ്ഞിപ്പലം: നടന്ന് നടന്ന് റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് പാലക്കാട് കല്ലടി എച്ച്എസ്എസിലെ സാന്ദ്ര സുരേന്ദ്രന്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മേളയില്‍ സംസ്ഥാന റെക്കോര്‍ഡ് മറികടന്ന സാന്ദ്ര സുരേന്ദ്രന് ഇക്കുറി നടന്നു കയറിയത് ദേശീയ റിക്കോര്‍ഡിലേക്കാണ്. മൂവായിരം മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ നടത്തത്തിലാണ് സാന്ദ്രസുരേന്ദ്രന് ഇക്കുറി ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.
14. 24 ആണ് മൂവായിരം മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോര്‍ഡ്. 14.18.51 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് സാന്ദ്ര ഈ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ സാന്ദ്ര സുവര്ണനേട്ടത്തിലെത്തിയിരുന്നു.
കല്ലടിയിലെ തന്നെ അക്ഷയയ്ക്ക് ഈ ഇനത്തില്‍ വെള്ളി ലഭിച്ചത് സ്കൂളിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്. വി.ടി. മിനീഷാണ് ഇരുവരുടെയും പരിശീലകന്.