ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയ്ക്കായി എയിംസില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരെ ചെന്നൈയിലേക്ക് അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും പ്രാര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും മാത്രമാണ് വഴിയെന്നും ജെ.പി നദ്ദ ഡല്‍ഹിയില്‍ പറഞ്ഞു.
തമിഴ്നാട് സര്‍ക്കാരും അപ്പോളോ ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജയലളിതയുടെ ആരോഗ്യനിലയിലെ മാറ്റം വിലയിരുത്തുന്നുണ്ടെന്നും ജെ.പി നദ്ദ വ്യക്തമാക്കി. എയിംസില്‍ നിന്നും ഡോക്ടര്‍മാരെ അയയ്ക്കാനുളള നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. അപ്പോളോ ആശുപത്രി ചെയര്‍മാനുമായി മന്ത്രി നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
ഉച്ചയോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അപ്പോളോയിലെത്തുമെന്നാണ് വിവരം. അതിനിടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് രാവിലെ അപ്പോളോ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി.