റോം: ഭരണഘടനാ ഭേദഗതി നിര്ദ്ദേശങ്ങളെക്കുറിച്ചുളള ഹിതപരിശോധനാ ഫലം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജി പ്രഖ്യാപിച്ചു. ഹിതപരിശോധനാ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ അനുകൂലമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രാജിക്കാര്യം പ്രഖ്യാപിച്ചത്. തന്റെ സര്‍ക്കാര്‍ ഇവിടെ അവസാനിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
തന്റെ നിര്‍ദ്ദേശങ്ങള്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും മന്ത്രിസഭയെ ബോധ്യപ്പെടുത്തിയ ശേഷം പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ലയ്ക്ക് രാജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കാനും രാജ്യത്തെ കൂടുതല്‍ മത്സരാത്മകമാക്കാനും ലക്ഷ്യമിട്ടുളള ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളാണ് താന്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എഴുപത് ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഭരണഘടനാ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണം 60 ശതമാനം കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. മറ്റിയോ റെന്‍സിയുടെ പതനം യൂറോ സോണിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലെ രാഷ്്ട്രീയ, സാമ്പത്തിക അനിശ്ചിതത്വത്തിന് ആക്കം കൂട്ടും. ഇതിന്റെ സൂചന നല്കി രാജി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യൂറോയുടെ മൂല്യത്തിലും ഇടിവുണ്ടായി.