തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അജ്മലും പി.വി വിനിയും വേഗമേറിയ താരങ്ങളായി. ഇരുവരും പാലക്കാട് ജില്ലയുടെ താരങ്ങളാണ്. ആവേശം നിറഞ്ഞുനിന്ന 100 മീറ്റര്‍ മത്സരങ്ങളില്‍ മത്സരാര്ഥികളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പാലക്കാട് കല്ലടി സ്കൂളിലെ താരമാണ് മുഹമ്മദ് അജ്മല്‍. ഫോട്ടോഫിനീഷിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. മുണ്ടൂര്‍ സ്കൂളിലെ താരമാണ് പി.വി വിനി. ജൂണിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ സി. അഭിനവും പെണ്‍കുട്ടികളില്‍ സോഫിയ സണ്ണിയും സ്വര്‍ണം നേടി. ഫോട്ടോ ഫിനീഷിലൂടെയായിരുന്നു സോഫിയയുടെ സ്വര്‍ണ നേട്ടം.
സബ്ജൂണിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം തവനൂര്‍ കെഎംഎന്എസ്എസ് സ്കൂളിലെ ശ്രീരാഗും സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ എല്‍ഗയും സ്വര്‍ണം നേടി. എല്‍ഗയുടെ ഇരട്ട സ്വര്‍ണമാണിത്. നേരത്തെ 400 മീറ്ററിലും എല്ഗയ്ക്ക് സ്വര്‍ണമുണ്ടായിരുന്നു. ഉഷ സ്കൂളിലെ താരമാണ് എല്‍ഗ തോമസ്.