അമൃത് സര്: തീവ്രവാദത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് പാകിസ്ഥാന്. ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നതിന് പകരം വസ്തുതാപരവും സമഗ്രവുമായ വീക്ഷണമാണ് വേണ്ടതെന്നും ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസ് ചൂണ്ടിക്കാട്ടി. നേരത്തെ സമ്മേളനത്തില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി തീവ്രവാദം കയറ്റുമതി ചെയ്യുന്നതിന്റെ പേരില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് സര്‍താജ് അസീസിന്റെ വാക്കുകള്‍.
നിലവിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നത് മേഖലയിലെ സഹകരണവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും സര്‍താജ് അസീസ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനമാണ് അഷ്റഫ് ഗാനി നടത്തിയത്. അഫ്ഗാന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന് വാഗ്ദാനം ചെയ്ത 500 മില്യന്‍ ഡോളര്‍ തീവ്രവാദത്തിനെതിരേ പോരാടാന്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അഷ്റഫ് ഗാനി പറഞ്ഞിരുന്നു.
അഫ്ഗാനില്‍ ഏറ്റവും കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടായ വര്‍ഷമാണിത്. ചിലര്‍ ഇപ്പോഴും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. പാകിസ്ഥാനിലെ താവളങ്ങള്‍ ഇല്ലെങ്കില്‍ ഒരു മാസം പോലും പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഒരു താലിബാന് നേതാവ് പറഞ്ഞതെന്നും അഷ്റഫ് ഗാനി തുറന്നടിച്ചിരുന്നു. അഷ്റഫ് ഗാനിയുടെ പ്രസ്താവന ഖേദകരമാണെന്ന് പാക് പ്രതിരോധമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.