അഹമ്മദാബാദ്: 13,860 കോടി രൂപയുടെ കളളപ്പണം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗുജറാത്ത് റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷായെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഒരു പ്രാദേശിക ചാനലില്‍ അഭിമുഖം നല്‍കാനെത്തിയ ഷായെ പൊലീസിന്റെ സഹായത്തോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താന്‍ വെളിപ്പെടുത്തിയത് സ്വന്തം പണമല്ലെന്നും മറ്റ് പല വ്യവസായികളുടെയും പണമാണെന്നുമാണ് ഇയാളുടെ നിലപാട്. ബിസിനസുകാരും രാഷ്ട്രീയക്കാരും കെട്ടിടനിര്‍മാതാക്കളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആരുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഇയാള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ കളളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി അനുസരിച്ചാണ് ഇയാള്‍ 13,860 രൂപ കളളപ്പണം ഉണ്ടെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന്റെ നികുതിയായി അടയ്ക്കേണ്ട ആദ്യഗഡു ഇയാള്‍ അടച്ചിരുന്നില്ല. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലും ഓഫീസിലും ഇയാളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും മറ്റും റെയ്ഡ് നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനൊടുവിലാണ് മഹേഷ് ഷാ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.