ഗുവാഹത്തി: അരുണാചല്‍പ്രദേശില്‍ അസം റൈഫിള്‍സ് ഭടന്മാര് സഞ്ചരിച്ച വാഹനത്തിന് നേരെ നാഗാ വിമതരുടെ ആക്രമണം. ഒരു സൈനികന് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
മ്യാന്മര് അതിര്‍ത്തി മേഖലയില്‍ സൈനികരുടെ വാഹനം കടന്നുപോകവേ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വാക്കയ്ക്കും ടിസയ്ക്കും ഇടയിലുളള മേഖലയിലായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ലോംഗ്ദിംഗ്, തിരാപ് ജില്ലകളില്‍ സുരക്ഷാസേന വ്യാപക തെരച്ചില്‍ ആരംഭിച്ചു.
പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയായിരുന്നു ആക്രമണം. വിമതവിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖപ്ലാംഗ്) വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ച മുന്‍പും സൈനികരെ ലക്ഷ്യമിട്ട് ഈ മേഖലയില്‍ ആക്രമണം നടന്നിരുന്നു.