തിരുവനന്തപുരം: കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ബിജെപിയുടെ അഭിപ്രായങ്ങള്‍ ശരിയാണെന്ന് യുഡിഎഫ് തുറന്ന് സമ്മതിച്ചിരിക്കുകയാണെന്ന് വി. മുരളീധരന്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആന്ധ്രയും തമിഴ്നാടും ശമ്പളം വിതരണം ചെയ്യാനാവശ്യമായ തുക സ്വരൂപിക്കാന്‍ നേരത്തെ തന്നെ ശ്രമം നടത്തിയിട്ടും കേരളത്തിന് അത് ചെയ്യാനായില്ലെന്നുമുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്.
ബി.ജെ.പിയുടെ അഭിപ്രായങ്ങള്‍ ശരിയെന്ന് സമ്മതിച്ച യു.ഡി.എഫ്, ജനങ്ങളോട് തെറ്റ് ഏറ്റുപറയണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസമായി ട്രഷറികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നതെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ദിനത്തിനു മുന്നോടിയായി ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ശമ്പളം നല്‍കുന്നതിന് ആവശ്യമായ പുതിയ കറന്‍സി ഉണ്ടാകില്ലെന്നുകണ്ട് ഈ സംസ്ഥാനങ്ങള്‍ നവംബര്‍ 15 മുതല്‍തന്നെ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ നവംബര്‍ 30നു മാത്രമാണ് ശമ്പളം നല്കാന് ആവശ്യമായ തുക വേണമെന്ന് കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയും തുക ലഭ്യമാക്കാനാകില്ലെന്ന് അറിയാമായിരുന്നിട്ടും പ്രത്യേക സാഹചര്യം സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്നതെന്നും വി. മുരളീധരന് ആരോപിച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സംസ്ഥാനത്ത് ഭീതിപരത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചുവരികയായിരുന്നു. ഇതിന് യുഡിഎഫിന്റെ പിന്തുണയും ലഭിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും പെന്ഷന് നല്‍കുന്നതിനും മുന്‍കൂര്‍ സ്വീകരിക്കേണ്ട ഒരു നടപടിയും കേരളം ശരിയാംവിധത്തില്‍ നടത്തിയിരുന്നില്ല. ഇക്കാര്യം ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും വി. മുരളീധരന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുന്നതിനുവരെ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നിന്നവരാണ് യുഡിഎഫ്. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായതും യു.ഡി.എഫിന്റെ നിലപാടുമാറ്റത്തിനു കാരണമായെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി. വൈകിയാണെങ്കിലും കാര്യങ്ങള്‍ മനസിലാക്കിയ യു.ഡി.എഫ്. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമചോദിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ ബി.ജെ.പിയുടെ നടപടികളെ കേരളത്തിലെ സി.പി.എമ്മിനും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു