മലപ്പുറം: സംസ്ഥാന സ്കൂള്‍ കായിക മത്സരത്തിലെ 3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ മറികടന്നത് സംസ്ഥാന, ദേശീയ റെക്കോര്‍ഡുകള്‍. ഒന്നാം സ്ഥാനക്കാരിയായ പാലക്കാട് കല്ലടിക്കോട് എച്ച്എസ്എസിലെ ബബിതയും രണ്ടാം സ്ഥാനം നേടിയ കോതമംഗലം മാര്‍ ബേസിലെ അനുമോള്‍ തമ്പിയുമാണ് റെക്കോര്‍ഡുകള്‍ മറികടന്ന വിജയം കൈവരിച്ചത്.
സീനിയര്‍ ഗേള്‍സ് അണ്ടര്‍ 19 വിഭാഗത്തിലാണ് ബബിതയും അനുമോളും സംസ്ഥാന, ദേശീയ റെക്കോര്‍ഡുകള്‍ മറികടന്നത്. ബബിതയുടേത് 9.36 മിനിറ്റും അനുമോളുടേത് 9.39 മിനുട്ടുമായിരുന്നു. 2013ല്‍ പി.യു ചിത്രയുടെ 9.54 എന്ന സംസ്ഥാന റെക്കോര്‍ഡാണ് ഇവര്‍ മറി കടന്നത്. ഇതുകൂടാതെ 9.55 എന്ന ദേശീയ റെക്കോര്‍ഡ് സമയവും മറികടക്കുന്ന നേട്ടമാണ് ഇരുവരും കൈവരിച്ചത്.
സംസ്ഥാന, ദേശീയ റെക്കോര്‍ഡുകള്‍ മറി കടക്കുന്നവര്‍ക്ക് യഥാക്രമം 4000 രൂപയും 10,000 രൂപയും ക്യാഷ് അവാര്‍ഡിന് അര്‍ഹതയുണ്ട്. ഇരുവരും രണ്ടുറെക്കോര്ഡുകളും മറികടന്ന സാഹചര്യത്തില്‍ ഇവ എങ്ങിനെ പങ്കുവയ്ക്കപ്പെടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.