മലപ്പുറം: അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുന്ന കായികോല്‍സവം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരുക്കങ്ങളും സംഘാടക സമിതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കായിക മാമാങ്കത്തിന് ഇത്തവണ ഏറെ പ്രത്യേകതകളാണുള്ളത്. മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയവും ഇത്രയും വലിയൊരു കായിക മേളക്ക് സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം. കായികമേള ഉല്‍സവ രീതിയില്‍ നടത്താനും സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സ്കൂള്‍ കായികോല്‍സവം എന്ന് പേരും മാറ്റി.
വൈകുന്നേരം മൂന്നര മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥാണ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. ഉളിമ്പ്യന് പി.ടി. ഉഷ, ഒളിമ്പ്യന്‍ കെ.ടി.ഇര്ഫാന്, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.എ.ശ്രീജേഷ് തുടങ്ങിയവരും പങ്കെടുക്കും . മീറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്വീകരിക്കാനും അവരെ താമസിപ്പിക്കാനും വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കായികോല്‍സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആഹാരം വിളമ്പുന്നതിന് 1000 സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമാണ് ഭക്ഷ്യശാലയിലുള്ളത്. കറന്‍സി നോട്ടുകളുടെ ക്ഷാമം മല്‍സരങ്ങളെയും സംഘാനടത്തെയും ബാധിക്കാതിരിക്കാന്‍ പ്രത്യേക പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മുമ്പ് മലപ്പുറത്ത് അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കലോല്‍സവം കാണാനെത്തിയ ജനപ്രവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന് സമാനമായ രീതിയില്‍ കായികോല്സവത്തിനും വന്‍ജന പങ്കാളിത്തം ഉണ്ടായേക്കും.