കോഴിക്കോട്: കോടഞ്ചേരിയില്‍ മാവോയിസ്റ്റ് ചമഞ്ഞ് വൃദ്ധദമ്പതികള്ക്കുനേരെ തോക്കുചൂണ്ടി ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. മുറമ്പാത്തി പയ്യാനിക്കുഴിപ്പില്‍ അഗസ്റ്റിന്, ഭാര്യ ഗ്രേസി എന്നിവരെ കെട്ടിയിട്ട ആയുധധാരികള്‍ എട്ടര പവന് കവര്‍ന്ന ശേഷം ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കടന്നു കളയുകയായിരുന്നു.
കോടഞ്ചേരി മുറമ്പാത്തിയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. 74കാരനായ അഗസ്റ്റിനും ഭാര്യ ഗ്രേസിയും താമസിക്കുന്ന വീട്ടില്‍ മുഖംമൂടിയണിഞ്ഞ് എത്തിയ സംഘത്തിലൊരാള്‍ കോളിംങ് ബെല്‍ മുഴക്കുകയും വാതില്‍ തുറന്നതോടെ രണ്ടുപേര്‍ അകത്തേക്ക് ഇരച്ചു കയറുകയുമായിരുന്നു. ദമ്പതികകളുടെ കൈവശമുണ്ടായിരുന്ന ആഭരണം കൈക്കലാക്കിയ സംഘം തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും അരി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവരെ അകത്ത് പൂട്ടിയിട്ട സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന ശേഷം ഫോണ്‍ ബന്ധവും വിഛേദിച്ചാണ് കടന്നു കളഞ്ഞത്.
പുലരുവോളം പുറംലോകവുമായി ബന്ധപ്പെടാനാവാതെ കഴിഞ്ഞ ദമ്പതികള്‍ മോഷ്ടാക്കളുടെ കണ്ണില്‍ പെടാതിരുന്ന മൊബൈല്‍ ഫോണ്‍ വഴി പുലര്‍ച്ചെ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. താമരശേരി ഡി.വൈ.എസ്.പി കെ.അഷ്റഫിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.
വീടുനുളളില്‍ നിന്നു മണംപിടിച്ച നായയുമായി അടുത്തുള്ള റബര്‍ തോട്ടത്തില്‍ എത്തിയ സംഘം ഉപേക്ഷിച്ച നിലയില്‍ പഴ്സും മൊബൈല്‍ ഫോണും കണ്ടെടുത്തു. കോടഞ്ചേരി പൊലീസ് സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചു.