ന്യൂഡൽഹി : റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ സ്വൈപ്പിംഗ് മെഷീൻ വയ്ക്കാൻ തീരുമാനം . ഈ ഡിസംബർ മുപ്പത്തൊന്നോടെ ആയിരത്തോളം ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് സാദ്ധ്യമാകും.
റിസർവേഷൻ കൗണ്ടറുകളിൽ പതിനയ്യായിരത്തോളം പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ ലഭ്യമാക്കാൻ രാജ്യത്തെ വിവിധ ബാങ്കുകളോട് റെയിൽവേ ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം സംവിധാനം കൗണ്ടറുകളിൽ ഇല്ല . നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാവും ഇത് ആദ്യമായി നടപ്പാക്കുക.
റെയിൽവേയുടെ പണമിടപാടുകളും ഡിജിറ്റലാക്കാൻ നിർദ്ദേശമുണ്ട് . കച്ചവടക്കാർക്കും കരാറുകാർക്കും ഇനി ഡിജിറ്റലായി ആയിരിക്കും പണം നൽകുക . ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഓഫീസുകൾക്ക് നൽകിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
രാജ്യം കറൻസി രഹിത ഇടപാടുകളിലേക്ക് കാലക്രമേണ മാറണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട് . നോട്ട് അസാധുവാക്കൽ നടപടി കഴിഞ്ഞ മാസത്തെ ഡിജിറ്റൽ പണമിടപാട് ശതമാനം വർദ്ധിപ്പിച്ചിരുന്നു . കൂടുതൽ സംസ്ഥാനങ്ങൾ കറൻസി രഹിത ഇടപാടുകളിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ ഡിസംബറോടെ രാജ്യത്തെ ആദ്യ കറൻസി രഹിത സംസ്ഥാനമായി മാറുമെന്ന് ഗോവ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു .