ആലപ്പുഴ: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട സിപിഐയുടെ നിലപാട് അപക്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം വിശ്വസിക്കുന്നില്ല. കേരള പോലീസ് വെറുതെ കേറി അവരെ വെടിവെച്ചുവെന്ന് കരുതുന്നില്ല. കാരണം കേരള പൊലീസിന് നേര്‍ക്കാണ് അവര്‍ പലപ്പോഴും വെടിയുതിര്ത്തിട്ടുളളതെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയം നീക്കണം. ഇത്തരം സംഭവങ്ങളില്‍ പൊലീസിന്റെ സ്വതന്ത്രമായ വിഭാഗം അന്വേഷിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധി. അതനുസരിച്ചുളള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.