ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കവ്യാപാരം സുപ്രീംകോടതി നിരോധിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പടക്കങ്ങള്‍ നിര്‍മിക്കാനും കൈവശം വെയ്ക്കാനും വില്പന നടത്താനുമുളള ലൈസന്‍സുകള്‍ റദ്ദാക്കാനും കോടതി നിര്‍ദ്ദേശിക്കുന്നു.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. നേരത്തെ മതപരമായ ചടങ്ങുകളില്‍ ഒഴികെ പടക്കങ്ങളുടെ ഉപയോഗം വിലക്കാന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ജനങ്ങള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുളള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ഉണ്ടായ മലിനീകരണമാണ് ഇതിന് കാരണമെന്നും പരിസ്ഥിതിവാദികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും ഇത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ടോയെന്നതിനെക്കുറിച്ചും മൂന്ന് മാസങ്ങള്‍ക്കുളളില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് മാസ്ക് ധരിച്ചുകൊണ്ടായിരുന്നു ആളുകള്‍ പുറത്തിറങ്ങിയിരുന്നത്. പുറത്തിറങ്ങാതെ വീടിനുളളില്‍ കഴിയാന്‍ ജനങ്ങളോട് സര്‍ക്കാരിന് നിര്‍ദ്ദേശിക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.