തിരുവനന്തപുരം: ആനവണ്ടി പ്രേമികളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട കെഎസ്ആര്‍ടിസി ബ്ലോഗിനെതിരെ കര്‍ണാടക ആര്‍ടിസി. ksrtcblog.com എന്ന ഡൊമൈന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായാണെന്നും അതിനാല്‍ 5കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബ്ലോഗ് അഡ്മിന് സുജിത് ഭക്തന് കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. അഞ്ചു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. എന്നാല്‍ ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സുജിത് പറഞ്ഞു.
നേരത്തെ, ബ്ലോഗ് പൂട്ടണമെന്ന് കേരള ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി എന്ന പേര് 2013ല്‍ കര്‍ണാടക രജിസ്റ്റര്‍ ചെയ്തിരുന്നു. ബ്രാന്‍ഡ് നാമത്തിന്റെ പേരില്‍ കേരളവും കര്‍ണാടകയും തമ്മില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലോഗ് വിഷയം കര്‍ണാടക ആര്‍ടിസി ഉയര്‍ത്തുന്നത്.
2008 ലാണ് കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന് കെഎസ്ആര്‍ടിസി ബ്ലോഗ് ആരംഭിച്ചത്. ഇതിന് സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ആനവണ്ടി മൊബൈല്‍ ആപ്ലിക്കഷേനും പുറത്തിറക്കിയിരുന്നു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങളും ബസുകളുടെ സമയവിവരങ്ങളും ബ്ലോഗിലും ആപ്പിലും ലഭ്യമാണ്.
കെഎസ്ആര്‍ടിസിക്കു വേണ്ട പ്രൊമോഷനാണ് ഓണ്‍ലൈനിലൂടെ ഞങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ അവര്‍ നിയമപരമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഞങ്ങളും നിയമപരമായി മുന്നോട്ടു പോകുമെന്നും കര്‍ണാടകയുടെ ബസുകളെക്കുറിച്ചും നല്ല രീതിയിലുള്ള കാര്യങ്ങളാണ് ബ്ലോഗില്‍ നല്‍കിയിരിക്കുന്നതെന്നും സുജിത് പറഞ്ഞു.