ദുബായ്: ദുബായ് പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖമീസ് മത്താർ അൽ മസീന ഹൃദയാഘാതം മൂലം അന്തരിച്ചു. വ്യാഴാഴ്ച രാത്രി ദുബായ് റാഷിദ് ആശുപത്രിയിലായിരുന്നു അന്ത്യം.
വെളളിയാഴ്ച്ച ജുമുഅ നമസ്കാരത്തിനു ശേഷം സബീൽ പളളിയിൽ മയ്യത്ത് നമസ്കാരത്തേത്തുടർന്ന് ഖിസൈസ് ഖബർസ്ഥാനിലാവും മൃതദേഹം ഖബറടക്കുക. ദുബായ് സി.ഐ.ഡി മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുളള ഖമീസ് മത്താർ 2013ൽ പൊലീസ് മേധാവിയായി സ്ഥാനമേൽക്കും വരെ പൊലീസ് ഉപമേധാവിയായിരുന്നു.
നിരവധി കേസുകളിൽ പഴുതില്ലാത്ത വിധം തുമ്പുണ്ടാക്കുവാനും, കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരാനും തന്റെ 31 വർഷത്തെ സേവനകാലയളവിനുളളിൽ അദ്ദേഹത്തിനു കഴിഞ്ഞു.