പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ തളളി ബോര്‍ഡ് അംഗം കെ. രാഘവന്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം ആണെന്ന് കെ. രാഘവന് വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതിന് എതിരാണ്. ഈ സാഹചര്യത്തിലാണ് കെ. രാഘവന്റെ പ്രതികരണം. നേരത്തെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാടുകള്‍ക്കെതിരേ കെ. രാഘവന് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീ പ്രവേശന വിഷയത്തിലും തന്റെ വിയോജിപ്പ് അദ്ദേഹം രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വി.എസ് അച്യുതാനന്ദനുമൊക്കെ വോട്ട് ചെയ്താണ് തന്നെ ബോര്‍ഡ് അംഗമാക്കിയതെന്നും കെ. രാഘവന് പറയുന്നു. നേരത്തെ ദേവസ്വം സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ. രാഘവന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ബോര്‍ഡ് യോഗങ്ങളിലെ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു ആവശ്യം രാഘവന് ഉന്നയിച്ചത്.
ആലപ്പുഴ നൂറനാട് സ്വദേശിയായ കെ. രാഘവന് കഴിഞ്ഞ ഒക്ടോബറിലാണ് ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.