കണ്ണൂര്‍: മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാദ്ധ്യമങ്ങള്‍ക്കെതിരേ ഇ.പി ജയരാജന്. മാദ്ധ്യമങ്ങളുടെ ഇരയാകാന്‍ ഇല്ലെന്നും ആര്‍ക്ക് വേണ്ടിയാണ് മാദ്ധ്യമങ്ങള്‍ കത്തിയെടുക്കുന്നതെന്നും ജയരാജന് ചോദിച്ചു. കണ്ണൂരില്‍ ജയരാജന് നേതൃത്വം നല്കുന്ന മൈത്രി വൃദ്ധസദനത്തില്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാദ്ധ്യമങ്ങളുടെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് മനസിലാകുന്നില്ല. അക്കാര്യം നിങ്ങള്‍ ഒന്ന് അന്വേഷിക്കണം. പത്രക്കാരോട് ഇനി ഒരു കാര്യവും പറയില്ല. ചെയ്യാവുന്നിടത്തോളം സേവനം അവര്‍ ചെയ്തിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ഇന്ന് വൈകുന്നേരം ചര്‍ച്ച അതായിരിക്കുമെന്നും ജയരാജന് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്നലെ എം.എം മണിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് ജയരാജന് വിട്ടുനിന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് മണിയുടെ മന്ത്രിപദവിയെ പിന്തുണച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെങ്കിലും മാദ്ധ്യമങ്ങളുടെ മുന്നില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും ജയരാജന് പങ്കെടുത്തില്ല.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച ജയരാജന് കേസില്‍ നിന്നും തലയൂരി ഈ സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എം.എം മണിയെ മന്ത്രിയാക്കാനുളള തീരുമാനത്തോടെ ഈ പ്രതീക്ഷകള്‍ അസ്തമിച്ചു. തുടര്‍ന്നാണ് ജയരാജന് പരസ്യമായി സംസ്ഥാന നേതൃത്വത്തിനെതിരേ തിരിഞ്ഞത്. തന്റെ അതൃപ്തിയും പ്രതിഷേധവും സംസ്ഥാന നേതൃത്വത്തെ ജയരാജന് അറിയിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് ജയരാജന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ സജീവമാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് ജയരാജന് പരാതി നല്‍കുമെന്നും സൂചനയുണ്ട്.