തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ പിജെ ചെറിയാനെ പുറത്താക്കി. ചെറിയാന് വിരമിക്കല്‍ പ്രായം കഴിഞ്ഞും സ്ഥാനത്ത് തുടര്‍ന്നതിനാലാണ് പുറത്താക്കിയത്. ചെറിയാന് അഴിമതിക്കാരനാണെന്നും സ്വജനപക്ഷക്കാരനാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ചെറിയാന് സ്വന്തം എസ്ബി അക്കൗണ്ടിലേക്ക് വകമാറ്റുന്നതായി സിഎജി നേരത്തെ കണ്ടെത്തിയിരുന്നു. ഫിനാന്‍ഷ്യല്‍ കോഡ്, ട്രഷറി കോഡ് എന്നിവ ലംഘിച്ചുകൊണ്ട് സര്‍ക്കാരിന്റെ പണം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കെട്ടിടവും പറമ്പും വാങ്ങി, എന്നിങ്ങനെയുള്ള ക്രമക്കേടുകള്‍ ചെറിയാനെതിരെ സിഎജി റിപ്പോര്‍ട്ടിലുണ്ട്. ചെറിയാന്റെ നിരന്തരമുള്ള ചൈന, ജറുസലേം സന്ദര്‍ശനങ്ങളും വിവാദമായിരുന്നു.
പുരാവസ്തു വകുപ്പിന് ചെറിയാന് നല്കിയ വ്യക്തിഗത വിവരങ്ങളനുസരിച്ച് 2015 മെയ് മൂന്നിന് 60 വയസ് തികഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 60 വയസു കഴിഞ്ഞവര്‍ക്ക് തുടരാന്‍ അതത് മന്ത്രിസഭകളുടെ പ്രത്യേകാനുമതി വേണം. അനുമതി കൂടാതെയാണ് ചെറിയാന് സ്ഥാനത്ത് തുടര്‍ന്നത്.