ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ഡല്‍ഹിയിലെ തെരുവ് കച്ചവടക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി. ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റിലാണ് ഇന്നലെ രാത്രിയോടെ രാഹുല്‍ നേരിട്ടെത്തി കച്ചവടക്കാരോട് വിവരങ്ങള്‍ തിരക്കിയത്.
രാത്രി 8.45 ഓടെ സരോജിനി നഗര്‍ മാര്‍ക്കറ്റിലെത്തിയ രാഹുല്‍ അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. അവിടുത്തെ കടക്കാരോടും രാഹുല്‍ വിവരങ്ങള്‍ ആരാഞ്ഞു. സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ എങ്ങനെ ബാധിച്ചുവെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ രാഹുല്‍ ആരാഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള കച്ചവടക്കാരാണ് ഇവിടെ അധികവും ഉളളത്.
നേരത്തെ പണം പിന്‍വലിക്കാന്‍ വേണ്ടി രാഹുല്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കെതിരായ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഭിവാണ്ഡിയില്‍ പോയ രാഹുല്‍ അവിടെ നിന്ന് മടങ്ങവേ എടിഎമ്മില്‍ ക്യൂ നിന്നവരോടും സര്‍ക്കാര്‍ നടപടിയോടുളള പ്രതികരണം ആരാഞ്ഞിരുന്നു.