പറ്റ്ന: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഉറച്ച പിന്തുണ ആവര്‍ത്തിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിഴല്‍ ബിസിനസിലൂടെ കളളപ്പണം സമ്പാദിച്ചവരുടെ പണം ഇതോടെ പാഴായി പോകുമെന്നും 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.മധുബാനിയില്‍ ചേതന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നടപടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം ഉള്‍പ്പെടയുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് നിതീഷ് വീണ്ടും തന്റെ പിന്തുണ ആവര്‍ത്തിച്ചത്.
അദ്ധ്യാപകരും കൃഷിക്കാരും തൊഴിലാളികളും നല്ല ബിസിനസുകാരും കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കുമ്പോള്‍ നിഴല്വ്യവസായങ്ങള് ചെയ്യുന്നവര്‍ ഒരു അധ്വാനവും കൂടാതെ ആഢംബര ജീവിതം നയിക്കുകയാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവരും സ്ത്രീകളും സര്‍ക്കാര്‍ നടപടിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യേണ്ടതെന്ന് നിതീഷ് പറഞ്ഞു.