ലക്നൗ: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് തുണയായത് കളളപ്പണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമെന്ന തരത്തില്‍ അഖിലേഷ് പരാമര്‍ശം നടത്തിയത്.
കളളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പരാമര്‍ശിക്കവേയായിരുന്നു അഖിലേഷിന്റെ വാക്കുകള്‍. ആഗോള സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളെ തകിടം മറിച്ചപ്പോള്‍ കളളപ്പണം കൊണ്ടുളള ശക്തമായ സമാന്തര സാമ്പത്തിക സംവിധാനമാണ് ഇന്ത്യയ്ക്ക് തുണയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമെന്നായിരുന്നു അഖിലേഷിന്റെ വാക്കുകള്‍.
താന്‍ കളളപ്പണത്തിന് എതിരാണെന്നും അങ്ങനെയുളള പണം വേണ്ടെന്ന നിലപാടാണ് തന്റേതെന്നും അഖിലേഷ് പറഞ്ഞു. ഇന്ത്യ-മ്യാന്മര്-തായ്ലന്ഡ് സൗഹൃദ കാര്‍ റാലി ഫഌഗ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ സാധാരണക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു. കളളപ്പണം തടയുകയെന്ന ലക്ഷ്യത്തില്‍ കാര്യമായ സംഭാവന നല്കാന് ഈ തീരുമാനത്തിന് കഴിയില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.