ന്യൂഡല്‍ഹി: കളളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ട്വിറ്ററിലൂടെയാണ് സേവാഗിന്റെ പ്രതികരണം. സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ട് ജീവന് നഷ്ടമായ ലാന്‍സ് നായ്ക് ഹനുമന്തപ്പയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സേവാഗിന്റെ ട്വീറ്റ്.
സൈനികനായ ഹനുമന്തപ്പ 35 അടി മഞ്ഞിനടിയില്‍ 6 ദിവസം 45 ഡിഗ്രി തണുപ്പില്‍ രക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. കുറച്ച് മണിക്കൂറുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി നമുക്കും കാത്തിരിക്കാം എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. ധീരമായ നടപടിയെടുത്ത പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിലാണ് സേവാഗിന്റെ ട്വീറ്റ്. പൊതുജനങ്ങളില്‍ നിന്നും നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിമപാതമുണ്ടായ മേഖലയില്‍ മഞ്ഞു പാളികള്‍ക്ക് ഇടയില്‍ നിന്നും ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യന്‍ സേന കണ്ടെത്തുന്നത്. മൈനസ് 45 ഡിഗ്രി തണുപ്പിനെ അതിജീവിച്ച് ആറു ദിവസം മരണത്തെ മുഖാമുഖം കണ്ട് ജീവിച്ച ഹനുമന്തപ്പ രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.