ഭോപ്പാൽ: അഞ്ഞൂറു രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭോപ്പാലിലുളള ബ്രാഞ്ച് ആണ് ആദ്യമായി പുതിയ 500 രൂപ വിതരണം ചെയ്തത്.
500 രൂപയുടെ പുതിയ കറൻസികൾ ഇടപാടുകൾ കുറേക്കൂടി ലഘൂകരിക്കുന്നതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. നൂറിന്റെയും, അൻപതിന്റെയും നോട്ടുകൾ കൈകാര്യം ചെയ്തിരുന്നിടത്ത് പുതിയ 500 രൂപയുടെ കടന്നു വരവോടെ ഇടപാടുകൾ കുറച്ചു കൂടി ലളിതമായി കൈകാര്യം ചെയ്യാമെന്ന നിലയിലെത്തി. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു ചരിത്രപരമായ നിമിഷമാണ്; ഒരു ബാങ്ക് ജീവനക്കാരൻ വ്യക്തമാക്കി.
ഇന്നു വൈകുന്നേരത്തോടെ ഡൽഹി അടക്കമുളള പ്രമുഖ നഗരങ്ങളിലെല്ലാം പുതിയ കറൻസികൾ എത്തിത്തുടങ്ങി. രണ്ടായിരത്തിന്റെ കറൻസി ഇറങ്ങിയതോടെ ചില്ലറക്ഷാമം രൂക്ഷമായിരുന്നു. 500 രൂപ നോട്ടുകളുടെ വരവോടെ ഇതിനും ഒരു പരിഹാരമാകുകയാണ്.