കൊച്ചി: കേരളത്തില്‍ ഇടതുഭരണത്തിന് കീഴില്‍ സ്ത്രീകള്‍ അരക്ഷിതരാണെന്ന് ദേശീയ വനിതാ കമ്മീഷന്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും വനിതാ കമ്മീഷന് അംഗം സുഷമാ സാഹു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മഹിളാ മോര്‍ച്ചയുടെ പരാതിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായതും കണ്ണൂരില്‍ വനവാസി പെണ്‍കുട്ടി പീഢനത്തിന് ഇരയായതും ഇതിന്റെ തെളിവുകളാണെന്നും സുഷമാ സാഹു പറഞ്ഞു.
ഇത്തരം കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവം തന്നെ ഞെട്ടിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു. വടക്കാഞ്ചേരിയില്‍ പരാതിക്കാരിയായ യുവതിയോട് പൊലീസിന്റെ സമീപനം തന്നെ ഏറെ വേദനിപ്പിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചയാണ് ദേശീയ വനിതാ കമ്മീഷനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന് ഉറപ്പ് നല്‍കിയതായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് അറിയിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മഹിളാ മോര്‍ച്ച വ്യക്തമാക്കി.