കൊച്ചി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും. ഒറ്റ രാത്രി കൊണ്ട് പ്രധാനമന്ത്രി നല്കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്ത്തുന്നതാണെന്ന് മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
സാമ്പത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായ പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ കുറച്ചു ദിവസങ്ങളിലെ കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്‍ക്കണമെന്നും മഞ്ജു വാര്യര്‍ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കള്ളപ്പണത്തിന്റെ കറുപ്പ് പുരട്ടുന്നവര്‍ക്കും പുറത്തു നിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകളില്‍ ഭീകരവാദം കയറ്റി അയയ്ക്കുന്നവര്ക്കുമെതിരായ മുന്നറിയിപ്പാണ് നടപടിയെന്നും അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ നടപടിയുടെ അലയൊലികള്‍ അതിര്‍ത്തിയും കടന്ന് പരക്കുന്നതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
ദേശീയപതാകയുടെ ചിത്രം സഹിതമാണ് മഞ്ജുവി്ന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്ത് വരുന്നതിനിടെയാണ് മഞ്ജുവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.