ന്യൂഡൽഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലെത്തിക്കാന്‍ ട്രംപിന്റെ നേതൃത്വത്തിന് കഴിയുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ട്രംപിന്റെ വരവ് ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
ഹില്ലരി ക്ലിന്റണെ അട്ടിമറിച്ച് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന ട്വീറ്റ്. ട്രംപിന് എല്ലാവിധ ആശംസകളും നേര്‍ന്ന പ്രധാനമന്ത്രി, ഇന്ത്യയും അമേരിക്കയും സഹകരിച്ച് മുന്നേറാമെന്നും വ്യക്തമാക്കി. ഇന്ത്യയോടുളള ട്രംപിന്റെ അനുകൂല നിലപാടില്‍ നന്ദിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പുതിയ തലങ്ങളിലേക്ക് വളരട്ടെയെന്നും നരേന്ദ്രമോദി തന്റെ അഭിനന്ദന സന്ദേശത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം ഭീകരതയ്ക്കെതിരായി കര്‍ശനനിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ വിജയം ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാണ്. പ്രതിരോധ-വാണിജ്യ രംഗത്ത് പഴയ സഹകരണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടെന്നതിനാല്‍ നിലവിലെ ഇന്ത്യ-റഷ്യ ബന്ധത്തില്‍ പ്രതിസന്ധിയുണ്ടാകില്ല. രാജകൃഷ്ണ മൂര്‍ത്തി, കമല ഹാരിസ് എന്നീ സെനറ്റര്‍മാരുടെ സാന്നിദ്ധവും ഇന്ത്യയ്ക്ക് സഹായം ചെയ്യും. അതേസമയം ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ചൈന-പാകിസ്ഥാന് പ്രശ്നത്തിന്മേലുളള ട്രംപിന്റെ ഇടപെടല്‍ എന്തായിരിക്കുമെന്ന ആശങ്കയും ഇതോടൊപ്പം ചൂണ്ടിക്കാട്ടേണ്ടതുണ്ട്.