തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല പ്ലാസ്റ്റിക് മുക്തമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ തീര്‍ഥാടകരുടെ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുളള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അയല്‍സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും പിണറായി വിജയന് അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നുണ്ട്. സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനാണ് പലരും പ്ലാസ്റ്റിക് കുപ്പികളുമായി വരുന്നത്. തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ശബരിമലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് വിമുക്ത ശബരിമലയ്ക്കായി മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇത്തരത്തില്‍ അതത് ഭാഷകളില്‍ പ്രചാരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടിയന്തരസാഹചര്യങ്ങളില്‍ മികച്ച ഏകോപനവും ആശയവിനിമയവും സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രത്യേക ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ നിലയ്ക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത തെലങ്കാന മന്ത്രി എ. ഇന്ദ്രകിരണ്‍ റെഡ്ഢി അഭിപ്രായപ്പെട്ടു. അവിടെ തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. തെലങ്കാനയിലെ ഭദ്രാചലം ശ്രീരാമക്ഷേത്രത്തിനു സമീപമോ മറ്റേതെങ്കിലും ക്ഷേത്രത്തിനടുത്തോ പകരം അഞ്ചേക്കര്‍ സ്ഥലം കേരളത്തിന് അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര കമ്മിറ്റി ചെയര്മാന് കെ. ജയകുമാര്‍, ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെപ്പറ്റി വിവിധ വുകപ്പ് മേധാവികള്‍ യോഗത്തില്‍ വിശദീകരിച്ചു.