ന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. നജീബിന്റെ അമ്മ ഉള്‍പ്പെടെയുളളവരാണ് രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചത്. നജീബിനെ കണ്ടുപിടിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അമ്മ പറഞ്ഞു.
നജീബ് വിഷാദരോഗത്തിനുളള മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായ ആരോപണം അമ്മയും സഹോദരിയും നിഷേധിച്ചു. ഉറക്കത്തിന് പ്രശ്നം ഉളളതുകൊണ്ട് ചില സമയങ്ങളില്‍ അതിന് മരുന്ന് കഴിക്കുമെന്നല്ലാതെ മറ്റൊരു മരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയായിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. പൊലീസ് കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് സഹോദരി പറഞ്ഞു. കേസ് ശരിയായ രീതിയില്‍ അ്ന്വേഷിക്കുകയും നജീബിനെ കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യേണ്ടതെന്നും സഹോദരി ആവശ്യപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഒന്നാം വര്‍ഷ എംഎസ്സി വിദ്യാര്‍ഥിയായ നജീബിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. നേരത്തെ വിഷയത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം രാജ്നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അവസാനിച്ചത്. പിന്നീട് കഴിഞ്ഞ ദിവസവും കുടുംബാംഗങ്ങളും വിദ്യാര്‍ഥികളും ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയിരുന്നു.
നജീബിനായി എട്ട് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും തെരച്ചില്‍ ഊര്‍ജ്ജിതമാണെന്നുമാണ് ഡല്‍ഹി പൊലീസ് നല്കുന്ന വിവരം. എന്നാല്‍ ഇതുവരെ നജീബ് എവിടെയെന്നോ മറ്റെന്തെങ്കിലും സൂചനകളോ പൊലീസിന് കണ്ടെത്താനായിട്ടില്ല.