ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് പുകമഞ്ഞു മൂടിയ രാജ്യതലസ്ഥാനത്ത് ഹെലികോപ്ടറിൽ വെളളം തളിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഹെലികോപ്ടറിൽ നിന്നും മഴ പോലെ തളിയ്ക്കുന്ന വെളളം അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്ന പൊടിപടലങ്ങളെ ശമിപ്പിക്കാൻ സഹായിക്കുമെന്നും ട്രിബ്യൂണൽ അറിയിച്ചു.
കഴിഞ്ഞ ആഴ്ച മുതൽ ഡൽഹിയിൽ രൂപപ്പെട്ട പുകമഞ്ഞ് നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഡൽഹി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിഷയത്തിൽ യാതൊരു പരിഹാര നടപടിയും കൈക്കൊളളാൻ ഇതുവരെ ഡൽഹി സർക്കാരിനു കഴിഞ്ഞിട്ടില്ല.
സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയിൽ ഡൽഹിയിൽ ജനജീവിതം ദുഃസ്സഹമായിത്തീർന്നിരിക്കുകയാണ്. സ്കൂളുകൾ അടക്കമുളള പല സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നിലവിലെ പ്രശ്നങ്ങൾക്ക് താൽക്കാലികപരിഹാരമെന്ന നിലയിൽ ഈ നിർദ്ദേശം ദേശീയ ഹരിത ട്രിബ്യൂണൽ മുന്നോട്ടു വച്ചത്. പുകമഞ്ഞിന് താൽക്കാലികമായെങ്കിലും പരിഹാരമാകുന്നതു വരെ ഡൽഹിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തരുതെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.