തിരുവനന്തപുരം: ശബരിമലയിൽ കനത്ത സുരക്ഷാഭീഷണിയുളളതായി കേന്ദ്ര റിപ്പോർട്ട്. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു.
നവംബർ പതിനഞ്ചുമുതൽ മണ്ഡലകാല സീസൺ ആരംഭിയ്ക്കാനിരിക്കേയാണ് ആശങ്കാജനകമായ റിപ്പോർട്ട് പുറത്തു വരുന്നത്. ശബരിമലയിൽ തീവ്രവാദ ആക്രമണത്തിനു സാദ്ധ്യതയുളളതായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. പഴുതുകൾ അടച്ച സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കണമെന്നും, സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
മെറ്റൽ ഡിറ്റക്ടറിലൂടെ കണ്ടെത്താനാവാത്ത സങ്കേതങ്ങൾ ഉപയോഗിച്ച് നിലവിലെ സുരക്ഷാസംവിധാനങ്ങളെ മറികടക്കാൻ തീവ്രവാദികൾ ശ്രമിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടികൾ എത്രയും വേഗം സംസ്ഥാനസർക്കാർ നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.