തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ പീഡനത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ നടപടി ശരിയായില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരം നടപടികള്‍ തെറ്റാണെന്നും അത് അനുവദിക്കാനാകില്ലെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.
സംഭവിച്ചത് സംഭവിച്ചു. എന്നാല്‍ അത് ശരിയായില്ല. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും സംഭവത്തില്‍ ഒരാള്‍ക്കെതിരേ ശക്തമായ നടപടി എടുത്തുവെന്നും യെച്ചൂരി പറഞ്ഞു. നേരത്തെ വൃന്ദാ കാരാട്ടും കെ. രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടിരുന്നു.
സിപിഎം സംസ്ഥാന നേതാക്കളില്‍ പലരും കെ. രാധാകൃഷ്ണനെ പിന്തുണച്ചപ്പോഴാണ് പേര് വെളിപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് ദേശീയ നേതാക്കള്‍ പരസ്യമായി തുറന്നു പറയുന്നത്. കെ. രാധാകൃഷ്ണനെ പിന്തുണച്ച് കെ.കെ ശൈലജയും ടി.എന്‍ സീമയും അടക്കമുളള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.