റെനോ: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണവേദിയില്‍ സുരക്ഷാഭീഷണി. നെവാഡയിലെ റെനോയില്‍ ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കെ സദസില്‍ നിന്ന് ഒരാള്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പെട്ടന്ന് ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി.
പ്രചാരണവേദിയില്‍ നേരത്തെ തന്നെ സുരക്ഷാഭീഷണി നിലനിന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ പരിശോധനകളില്‍ ആയുധങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രസംഗം പകുതിയെത്തിയപ്പോഴായിരുന്നു സദസില്‍ ബഹളം ഉണ്ടായത്. ബഹളമുണ്ടാക്കിയ വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ട്രംപ് തിരികെയെത്തി പ്രസംഗം പൂര്‍ത്തിയാക്കി.
മുന്നിലുളള ലക്ഷ്യം എളുപ്പമല്ലെങ്കിലും ആര്‍ക്കും തങ്ങളെ തടയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പ്രകടിപ്പിക്കാനും ട്രംപ് മറന്നില്ല. അതിവേഗത്തില്‍ തികച്ചും പ്രഫഷണലായിട്ടായിരുന്നു പെട്ടന്നുണ്ടായ സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് ട്രംപ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. റെനോയിലെ വേദിയില്‍ ഉണ്ടായിരുന്ന അനുയായികള്‍ക്കും തന്റെ പ്രസംഗം കേള്ക്കാനെത്തിയവര്ക്കും ട്രംപ് നന്ദി പ്രകടിപ്പിച്ചു. ഒരിക്കല്‍ കൂടി അമേരിക്കയുടെ മഹത്വം ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.