ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ ഏറെ പുരോഗതി കൈവരിച്ചതായി ആശുപത്രി അധികൃതര്‍. ആവശ്യമുളള കാര്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനും മനസിലാക്കാനും ജയലളിതയ്ക്ക് സാധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയെ വൈകാതെ മുറിയിലേക്ക് മാറ്റുമെന്ന് രാവിലെ എഐഎഡിഎംകെ നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിലെ പുരോഗതി ആശുപത്രി അധികൃതരും വ്യക്തമാക്കിയത്. സെപ്തംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ തമിഴ്നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയിരുന്നു.
കൃത്രിമശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുളള ചികിത്സാരീതിയിലൂടെയാണ് ജയലളിതയുടെ ജീവന് ഒരു ഘട്ടത്തില്‍ നിലനിര്‍ത്തിയിരുന്നത്. പൂര്‍ണനിലയില്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഫിസിയോതെറാപ്പി ഉള്‍പ്പെടെയുളള ചികിത്സാരീതി അവലംബിക്കുന്നുണ്ടെന്ന് ഒക്ടോബര്‍ 21 ന് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.