ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയ്ക്കെതിരേ ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മല്യ യാതൊരു താല്പര്യവും പ്രകടിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആവര്‍ത്തിച്ച് സമന്‍സുകള്‍ അയച്ചിട്ടും മല്യ അവഗണിച്ചതായി കോടതി വിലയിരുത്തി. ഓഗസ്റ്റില്‍ കേസ് പരിഗണിക്കവേ നവംബര്‍ നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മല്യയോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശവും അവഗണിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മല്യ നിലവില്‍ താമസിക്കുന്ന ലണ്ടനിലെ മേല്‍വിലാസത്തില്‍ അറസ്റ്റ് വാറണ്ട് അയയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്ക് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ നല്കിയ ചെക്കുകളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. 7.5 കോടി രൂപയുടെ വീതം മൂന്ന് ചെക്കുകളാണ് മല്യ നല്‍കിയിരുന്നത്.
നേരത്തെ മല്യയ്ക്കെതിരായ സമന്‍സുകള്‍ റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതിയും നിരസിച്ചിരുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ദൈനംദിന കാര്യങ്ങളുമായി മല്യയ്ക്ക് ബന്ധമില്ലെന്നും അതുകൊണ്ടു തന്നെ കമ്പനിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉത്തരം പറയേണ്ട ബാധ്യത ഇല്ലെന്നുമുളള മല്യയുടെ വാദം തളളിയാണ് ഹൈക്കോടതി സമന്‍സുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചത്. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത മല്യ തിരിച്ചടവ് മുടക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.