ഇന്ത്യയിലെത്തുന്ന അമേരിക്കൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി. ഉത്സവകാലമായ നവംബറിൽ ഭീകര സംഘടനയായ ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. വിദേശികൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും യുഎസ് എംബസി പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കന്‍ പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇന്ത്യയിലെത്തുന്ന പൗരന്മാർക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയിലെത്തുന്ന വിദേശികൾ സ്ഥിരമായി സന്ദർശിക്കുന്ന ആരാധനാലയങ്ങൾ , വ്യാപാരകേന്ദ്രങ്ങൾ, ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
ഇത്തരം സ്ഥലങ്ങളിൽ ആക്രമണ സാധ്യത കൂടുതലുണ്ടെന്നും എംബസി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് , ലഷ്കർ ഇ തൊയിബ തുടങ്ങിയ ഭീകര സംഘടനകൾ ഭീഷണിയാണ്. 2016ൽ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആഗോളതലത്തിൽ പൗരന്മാർക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എംബസി അറിയിച്ചു.