തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം തുടങ്ങ്ങ്ങി. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹെൽപ്പ് ഡെസ്ക്കിന്റെയും ടോൾഫ്രീ നമ്പറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
1800 3000 9383 എന്നതാണ് ടോൾ ഫ്രീ നമ്പർ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന 375 ഓളം ജനക്ഷേമപദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു എന്ന വിലയിരുത്തലിലാണ് സഹായ കേന്ദ്രം തുടങ്ങാൻ പാർട്ടി തീരുമാനിച്ചത്. കേന്ദ്ര സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട സംശയ നിവാരണവും സഹായ ലഭ്യതയും ഹെൽപ്പ് ഡെസ്ക് ഉറപ്പാക്കും. ജനുവരിയോടെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും ടോൾഫ്രീ നമ്പറിന്റെയും ഹെൽപ്പ് ഡെസ്ക്കിന്റെയും പ്രവർത്തനം ലഭ്യമാകും.