ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുളള ആഹ്വാനം രാജ്യമെങ്ങും പ്രചരിക്കെ സമ്മര്‍ദ്ദ തന്ത്രവുമായി ചൈന രംഗത്തെത്തി. അത്തരം നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തെയും ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുളള നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്കി. ചൈനീസ് എംബസി വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പ്.
ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചാല്‍ അതിന് ഏറ്റവും കൂടുതല്‍ ഇരകളാകേണ്ടി വരുന്നത് ഇന്ത്യയിലെ വ്യാപാരികളും ഉപഭോക്താക്കളുമായിരിക്കുമെന്നും ചൈന മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ രണ്ട് ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ ബഹിഷ്കരണം തങ്ങളുടെ കച്ചവടത്തെ കാര്യമായി ബാധിക്കില്ലെന്നും ചൈന അവകാശപ്പെടുന്നു.
ദീപാവലി സീസണില്‍ ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വില്പനയില് 30 ശതമാനം ഇടിവുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായി അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെയാണ് ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പണം പാകിസ്ഥാനെ സഹായിക്കാനാണ് ചൈന ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങള്‍.
അതിന് ശേഷം ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്പനയില് വ്യാപകമായ ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിപണിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ബഹിഷ്കരണം തുടര്‍ന്നാല്‍ വ്യാപരമേഖലയിലും കയറ്റുമതി രംഗത്തും തിരിച്ചടിയുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന സമ്മര്‍ദ്ദ തന്ത്രവുമായി ചൈന രംഗത്തെത്തിയത്.