കൊച്ചി: സ്വകാര്യ ഏജന്‍സി മുഖേനെ വിദേശത്ത് തൊഴില്‍ തേടി പോയ മലയാളി സ്ത്രീകള്‍ ഭക്ഷണവും ശമ്പളവുമില്ലാതെ റിയാദില്‍ കുടുങ്ങി കിടക്കുന്നു. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ഏജന്‍സി പറ്റിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് യാതന അനുഭവിക്കുന്ന സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ സഹായം തേടുകയാണ് നാട്ടിലുള്ള ബന്ധുക്കള്‍.
വിദേശത്ത് ജോലി എന്ന പത്ര പരസ്യം കണ്ടാണ് എറണാകുളം കുമ്പളം സ്വദേശിനി ജസ്സി റോബര്‍ട്ട് കാഞ്ഞിരപ്പള്ളിയിലുള്ള യുണൈറ്റഡ് ട്രാവല്‍സിനെ സമീപിച്ചത്. സൗദി അറേബ്യയിലെ അല്‍ ഹന്ദുഫ് എന്ന കമ്പനിയിലാണ് ജോലിയെന്നും പ്രതിമാസം 24000 രുപ ശമ്പളവും താമസവും ഭക്ഷണവും എല്ലാം ഉണ്ടന്നാണ് ഏജന്‍സി അറിയിച്ചത്.ഒരു ലക്ഷം രൂപ ഇവരില്‍ നിന്നും ഫീസായും വാങ്ങി.
ഇത്തരത്തില്‍ 13 സ്ത്രീകളെയാണ് ഏജന്‍സി സൗദിയിലേക്ക് അയച്ചത്. എന്നാല്‍ അവിടെ ഒരു മാസം മാത്രം ജോലി ചെയ്യാന്‍ അവസരം ലഭിച്ച സ്ത്രീകള്‍ക്ക് പ്രതിമാസം വെറും 9500 രൂപ മാത്രമാണ് ലഭിച്ചത്. ഇത് കമ്പനിയോട് ചോദിച്ചപ്പോഴാണ് തുഛമായ ശമ്പളം ലഭിക്കുന്ന സൗജന്യ വിസയിലാണ് ഏജന്‍സി തങ്ങളെ വിദേശത്തേക്ക് അയച്ചതെന്ന് ഇവര്‍ മനസ്സിലാക്കുന്നത്.
തട്ടിപ്പ് നടത്തിയ യുണൈറ്റഡ് ട്രാവല്‍ ഏജന്‍സിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ലക്ഷങ്ങള്‍ കടം വാങ്ങി വിദേശത്ത് എത്തിയ സ്ത്രീകള്‍ നിലവില്‍ പട്ടിണി മാറ്റുന്നത് ചില സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലാണ്.