കണ്ണൂര്‍: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പിണറായി വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി നിജോയ്, സി.കെ അഹദ് എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണച്ചുമതല വഹിക്കുന്ന കണ്ണൂര്‍ സി.ഐ വേണുഗോപാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്തിയ ആറംഗസംഘത്തെയും ഇവരെ സഹായിച്ച മൂന്നുപേരെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെ പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കാളുകളുമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. കൊലയാളി സംഘം കൊലപാതകത്തിന് മുമ്പും പിമ്പും സിപിഎം പ്രാദേശിക നേതാക്കളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഡിവൈ.എസ്.പി ടി.പി.രഞ്ജിത്ത്, സി.ഐ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുള്പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.