കണ്ണൂര്‍: സിപിഎം അക്രമങ്ങള്‍ക്കെതിരേ കണ്ണൂരില്‍ അമ്മമാരുടെ പ്രതിഷേധം. സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായി കൊല്ലപ്പെടുകയും ജീവച്ഛവമായി ജീവിക്കുകയും ചെയ്യുന്നവരുടെ ഉറ്റവരായ സ്ത്രീകളാണ് കണ്ണൂര്‍ കളക്ട്രേറ്റിന് മുന്പില് കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിഷേധവുമായി ഒത്തുകൂടിയത്. അമ്മമാരുടെ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി നടത്തിയ മാര്‍ച്ചും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന സിപിഎം അക്രമങ്ങളുടെ ദുരിതം അനുഭവിക്കുന്ന അമ്മമാരാണ് ധര്‍ണ നടത്തിയത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാലര മാസത്തിനുള്ളില്‍ ജില്ലയിലെങ്ങും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ക്ഷമയുടെ നെല്ലിപ്പലക മറികടക്കേണ്ടെന്ന് ആര്‍എസ്്എസ് തീരുമാനിച്ചതിനാലാണ് പലപ്പോഴും കണ്ണൂരില്‍ വലിയ പ്രശ്നങ്ങള്‍ ഒഴിവാകുന്നതെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മനുഷ്യരുടെ ക്ഷമയ്ക്ക് അതിരുണ്ടെന്നും കണ്ണരിലെ സ്ഥിതിഗതികള്‍ കൈവിടുന്ന അവസ്ഥയിലേക്ക് പോയാല്‍ ്അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പിണറായിയുടെ ഭരണത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്നെഴുതിയ ബാനറിന് പിന്നിലായിരുന്നു അമ്മമാര്‍ പ്രതിഷേധം നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനിരയായവരുടെ ബന്ധുക്കളും പരിപാടിയില്‍ പങ്കെടുത്തു. അമ്മമാരുടെ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കണ്ണൂരിലെ അമ്മമാരുടെ കണ്ണുനീര് ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിലാണ് പതിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിഗ്രാമങ്ങളില്‍ പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്ന അമ്മമാരും സഹോദരിമാരും ഒറ്റയ്ക്കല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബി.ജെ.പി മാര്‍ച്ച്.