ലക്നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് മുന്‍ അധ്യക്ഷയുമായ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയില്‍ ചേര്‍ന്ന കാര്യം റീത്ത അറിയിച്ചത്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അവര്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് റീത്തയുടെ മാറ്റം.
രാഹുലിന്റെ നേതൃത്വത്തെ ജനങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് രാജ്യത്തെ സഹായിക്കാന്‍ കഴിയുകയെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി 24 വര്‍ഷം പ്രവര്‍ത്തിച്ചു. ലോകം മുഴുവന്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ അംഗീകരിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത നിരവധി കാര്യങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അതിനാലാണ് രാഷ്ട്രീയമാറ്റമെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേംവതി നന്ദന് ബഹുഗുണയുടെ മകള്‍ കൂടിയാണ് റീത്ത. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷയെന്നതിലുപരി യുപിയിലെ മുന്‍നിര നേതാവായിരുന്നു അവര്‍. 2007 മുതല്‍ 2012 വരെയാണ് അവര്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നയിച്ചത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷ കൂടിയായിരുന്ന റീത്ത സോണിയാഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയാണ്.
യുപിയില്‍ ഇത്തവണ കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന സര്വ്വേഫലങ്ങള്ക്കിടെയാണ് റീത്തയെപ്പോലുളള മുതിര്‍ന്ന നേതാക്കളുടെ രാഷ്ട്രീയമാറ്റം. പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ കിസാന്‍ ജാഥയും മറ്റും പ്രവര്‍ത്തകരില്‍ യാതൊരു വികാരവും ഉണ്ടാക്കിയിട്ടില്ലെന്നതിന്റെ പ്രകടമായി തെളിവായി റീത്തയുടെ രാഷ്ട്രീയമാറ്റം ചൂണ്ട്ിക്കാണിക്കപ്പെടുന്നു.