തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാനുളള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജേക്കബ് തോമസ്. സ്ഥാനം ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച് കത്ത് നല്കിയ സംഭവത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. ഇന്നലത്തെ സത്യം ഇന്നത്തെ സത്യമാകില്ലെന്ന് താന്‍ നേരത്തെയും പലവട്ടം പറഞ്ഞിട്ടുളളതാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ തുടരാന്‍ താല്പര്യമില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നളിനി നെറ്റോ രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യമായിരുന്നു പ്രധാന ചര്‍ച്ചയെന്നാണ് വിവരം.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന് വന്‍തോതില്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.
കെ.എം മാണിക്കെതിരേ ഉള്‍പ്പെടെയുളള കേസുകളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും നല്കിയ പരാതിയിലും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് മൊഴിയെടുപ്പ് തുടങ്ങിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ രാജിയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.